സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Sunday, May 21, 2017

സർഗ്ഗം 2 ശ്ളോകം 1 - 5

സർഗ്ഗം 2 ശ്ളോകം 1
അഥൈകദാ പുത്രഫലാനി സമ്യക്‌
വ്രതാനി ബാഹ്യോപവനേ ചരന്തീം
രഥേന കംസോ വസുദേവയുക്തഃ
സ്വസാരമാലോകയിതും ജഗാമ

അഥ (അ) അനന്തരം
ഏകദാ (അ) ഒരിക്കൽ
വസുദേവയുക്തഃ (അ പു പ്ര എ)  വസുദേവനോടു കൂടിയ
കംസഃ  (അ പു പ്ര എ) കംസൻ
ബാഹ്യോപവനേ  (അ ന സ എ)  ബാഹ്യോപവനത്തിൽ - പൂന്തോട്ടത്തിൽ
പുത്രഫലാനി (അ ന ദ്വി ബ) പുത്രഫലങ്ങളായ - സല്പുത്രൻ ജനിക്കുവാനുതകുന്ന
വ്രതാനി    (അ ന ദ്വി ബ) വ്രതങ്ങളെ
സമ്യക്‌  (ക്രി വി) വേണ്ടും വണ്ണം
ചരന്തീം (ഈ സ്ത്രീ ദ്വി എ) അനുഷ്ഠിക്കുന്ന
സ്വസാരം  (ഋ സ്ത്രീ ദ്വി എ) സഹോദരിയെ -ദേവകിയെ)
ആലോകയിതും (തുമുൻ അ)  കാണുന്നതിനായി
രഥേന (അ പു തൃ എ) രഥത്തിൽ കയറി
ജഗാമ (ലിട്‌ പ പ്രപു എ) പോയി

2

സ്ഫുരല്പ്രഭാപല്ലവിതാംഗയഷ്ടിം
കഥഞ്ചിദൂഢസ്തനമഞ്ജരീകാം
തത്രാളകൈഷ്ഷഡ്പദിനീമജാനാൽ
സ താം ലതാമധ്യഗതാം ചിരേണ

സഃ (തഛ പു പ്ര എ)  അവൻ
തത്ര (അ) അവിടെ
സ്ഫുരല്പ്രഭാപല്ലവിതാംഗയഷ്ടിം (ഇ സ്ത്രീ ദ്വി എ) പ്രകാശമാനമായ കാന്തിയോടു കൂടിയ ശരീത്തോടു കൂടിയവളായി
കഥഞ്ചിൽ (അ) ഒരു വിധത്തിൽ
ഊഢസ്തനമഞ്ജരീകാം (ആ സ്ത്രീ ദ്വി എ) പണിപ്പെട്ടു വഹിച്ചിരിക്കുന്ന സ്തനങ്ങളാകുന്ന പൂങ്കുലകളോടു കൂടിയവളായി
അളകൈഃ (അ പു തൃ ബ) അളകങ്ങളാൽ - കുറുനിരകളാൽ
ഷൾപദിനീം (ഈ സ്ത്രീ ദ്വി എ) വണ്ടുകളോടുകൂടിയവളായി
ലതാമധ്യഗതാം (ആ സ്ത്രീ ദ്വി എ) ലതകളുടെ മദ്ധ്യത്തിൽ എത്തിയ
താം (തഛ  സ്ത്രീ ദ്വി എ) അവളെ
ചിരേണ (അ)  വളരെ സമയം കൊണ്ട്‌
അജാനാൽ (ലങ്ങ്‌ പ പ്രപു എ) അറിഞ്ഞു

3
സാ സന്നതാംഗീ നിയമാവസാനേ
ജ്യേഷ്ഠായ തസ്മൈ വിദധേ നമസ്യാം
സ ചാശിഷാ താമനുഗൃഹ്യ സാധ്വീം
ഭേജേശ്വരോ വാക്യമിദം ബഭാഷേ

സന്നതാംഗീ (ഈ സ്ത്രീ പ്ര ഇ) സന്നതാംഗിയായ - സുന്ദരിയായ
സാ  (തഛ സ്ത്രീ പ്ര ഇ) അവൾ
നിയമാവസാനേ (അ ന സ ഇ) വ്രതാവസാനത്തിൽ
ജ്യേഷ്ഠായ (അ പു ച ഇ) ജ്യേഷ്ഠനായ
തസ്മൈ (തഛ പു ച ഇ) അവനായിക്കൊണ്ട്‌
നമസ്യാം (ആ സ്ത്രീ ദ്വി ഇ) നമസ്കാരം
വിദധേ (ലിട്‌ ആ പ്രപു ഇ) ചെയ്തു
സ  (തഛ പു പ്ര ഇ) ആ
ഭോജേശ്വരഃ (അ പു പ്ര ഇ) ഭോജേശ്വരൻ - കംസൻ
ച (അ) ആകട്ടെ
സാധ്വീം  (ഈ സ്ത്രീ ദ്വി ഇ) സാധ്വിയായ
താം  (തഛ സ്ത്രീ ദ്വി ഇ) അവളെ
ആശിഷാ (സ സ്ത്രീ തൃ ഇ) ആശിസ്സു കൊണ്ട്‌
അനുഗൃഹ്യ (ല്യ അ)  അനുഗ്രഹിച്ചിട്ട്‌
ഇദം  (ഇദംശ ന ദ്വി ഇ) ഈ
വാക്യം (അ ന ദ്വി ഇ)  വാക്യത്തെ
ബഭാഷേ (ലിട്‌ ആ പ്രപു ഇ) ഭാഷിച്ചു - പറഞ്ഞു

4
അദ്യാപി ബാലാസി സുതാനനേകാൻ
പ്രസോഷ്യസേ കിം വ്രതയാതനാഭിഃ
പശ്യാധുനാ പല്ലവസൂതികാലേ
കിം കല്പതേ ചൂതലതാ ഫലായ

അദ്യ  (അ) ഇന്നും
അപി    (അ)
ബാലാ (ആ സ്ത്രീ പ്ര ഇ) ബാലയായി - ചെറിയ കുട്ടി
അസി (ലിട്‌ പ മപു ഏ) ഭവിക്കുന്നു
ത്വം (യുഷ്മ പ്ര ഏ) നീ
അനേകാൻ (അ പു ദ്വി ബ) അനേകം
സുതാൻ (അ പു ദ്വി ബ) സുതന്മാരെ
പ്രസോഷ്യസേ (ലൃട് ആ മപു ഏ) പ്രസവിക്കും
വ്രതയാതനാഭിഃ (ആ സ്ത്രീ തൃ ബ) വ്രതയാതനകളാൽ
കിം (അ) എന്ത്
ത്വം (യുഷ്മ പ്ര ഏ) നീ
അധുനാ (അ) ഇപ്പോൾ
പശ്യ (ലോട് പ മപു ഏ) നോക്കിയാലും
ചൂതലതാ (ആ സ്ത്രീ പ്ര ഏ) ചൂതലത - മാവ്
പല്ലവസൂതികാലേ (അ പു സ ഏ) പല്ലവസൂതികാലത്തിൽ - പൂവിടുന്ന സമയത്ത്
ഫലായ (അ ന ച ഏ) ഫലത്തിനായി
കല്പതേ (ലട് ആ പ്രപു ഏ)കല്പ്പിക്കുന്നുവൊ
കിം (അ)

5

കൃശാഽസി കാമം വിരമപ്രയാസാ-
ന്മനോഭിരാമാനുപഭുങ്ക്ഷ്വ ഭോഗാൻ
അംഗാനി തേ സന്നതഗാത്രി ദുഃഖം
മൃണാളകല്പാനി കഥം സഹേരൻ

ത്വം (യുഷ്മഛ പ്ര ഏ) നീ
കാമം (അ) അത്യന്തം
കൃശാ (ആ സ്ത്രീ പ്ര ഏ) കൃശയായി
അസി (ലട് പ മപു ഏ) ഭവിക്കുന്നു
പ്രയാസാൽ ((അ പു പ ഏ) പ്രയാസത്തിൽ നിന്ന്‌
വിരമ (ലോട് മപു ഏ) വിരമിച്ചാലും
മനോഭിരാമാൻ (അ പു ദ്വി ബ) മനോഭിരാമങ്ങളായ
ഭോഗാൻ (അ പു ദ്വി ബ) ഭോഗങ്ങളെ
ഉപഭുങ്ക്ഷ്വ (ലോട് ആ മപു ഏ) ഉപഭുജിച്ചാലും
സന്നതഗാത്രീ (ഈ സ്ത്രീ സമ്പ്ര ഏ) അല്ലയോ സുന്ദരീ
മൃണാളകല്പാനി (അ ന പ്ര ബ) മൃണാളകല്പങ്ങളായ - താമരവളയം പോലെ മൃദുവായ
തേ (യുഷ്മ ഷ ഏ) നിന്റെ
അംഗാനി (അ ന പ്ര ബ) അംഗങ്ങൾ
ദുഃഖം (അ ന ദ്വി ഏ) ദുഃഖത്തെ
കഥം (അ) എങ്ങനെ
സഹേരൻ (ലിങ്ങ് ആ പ്രപു ഏ) സഹിക്കും
No comments:

Post a Comment