സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Saturday, July 26, 2014

ശ്രീകൃഷ്ണവിലാസം 3- 47-52

47
തദ്ധ്വനിശ്രവണജാതകൗതുകാ
ബാലജീവിതവിലോപവിശ്രുതാ
ആജഗാമ ഗഗനേന പൂതനാ
യാതനാ തനുമതീവ ദേഹിനാം

ബാലജീവിതവിലോപവിശ്രുതാ ( സ്ത്രീ പ്ര ) ബാലന്മാരുടെ ജീവിതം വിലോപമാക്കുന്നതിൽ (നഷ്ടമാക്കുന്നതിൽ) വിശ്രുതയായ
ദേഹിനാം ( പു  ) ദേഹികളുടെ
തനുമതീ ( സ്ത്രീ പ്ര ) തനുമതിയായ
യാതനാ ( സ്ത്രീ പ്ര ) യാതനയൊ
ഇവ () എന്നപോലെ
പൂതനാ ( സ്ത്രീ പ്ര ) പൂതന
തദ്ധ്വനിശ്രവണജാതകൗതുകാ ( സ്ത്രീ പ്ര )  ധ്വനി കേട്ട് ജാതകൗതുകയായി
ഗഗനേന (  തൃ ) ഗഗനത്തിലൂടെ
ആജഗാമ (ലിട്  പ്രപു ) വന്നു

ബാലന്മാരെ നിഗ്രഹിക്കുന്നതിൽ പ്രശസ്തയായവളും ലോകരുടെ മൂർത്തിമത്തായ തീവ്രവേദനയോ എന്നു തോന്നുമാറുള്ളവളും ആയ പൂതന യശോദയുടെ ഗാനം കേട്ട് ആകാശമാർഗ്ഗം അവിടെ എത്തിച്ചേർന്നു

48
സാവതീര്യ നഭസോ നിശാചരീ
ഗൂഢമേവ നിഷസാദ കുത്രചിൽ
സാ  സുപ്ത ഇവ ലക്ഷിതേ സുതേ
സ്വാപമാപസരസീരുഹേക്ഷണാ

നിശാചരീ ( സ്ത്രീ പ്ര ) നിശാചരിയായ
സാ (തഛ സ്ത്രീ പ്ര ) അവൾ
നഭസഃ (   ) നഭസ്സിൽ നിന്ന്
അവതീര്യ (ല്യ )  അവതരിച്ചിട്ട്
ഗൂഢം (ക്രി വി) ഗൂഢമായി
ഏവ  ()  തന്നെ
കുത്രചിൽ () ഒരിടത്ത്
നിഷസാദ (ലിട്  പ്രപു ) നിഷദിച്ചു
സരസീരുഹേക്ഷണാ ( സ്ത്രീ പ്ര ) സരസീരുഹേക്ഷണയായ
സാ (തഛ സ്ത്രീ പ്ര ) അവൾ
() ഉം
സുതേ ( പു  ) സുതൻ
സുപ്ത ( പു പ്ര ) സുപ്തൻ
ഇവ () എന്നതുപോലെ
ലക്ഷിതേ ( പു  ) ലക്ഷിതനായപ്പോൾ
സ്വാപം ( പു ദ്വി ) സ്വാപത്തെ
ആപ (ലിട്  പ്രപു ) പ്രാപിച്ചു

രാത്രിസഞ്ചാരിണിയായ പൂതന ആകാശത്തിൽ നിന്നും ഇറങ്ങി വന്ന് ഒരിടത്ത് ഒളിച്ചിരുന്നു. സുന്ദരിയായ യശോദ തന്റെ പുത്രൻ ഉറങ്ങിയിരിക്കുന്നു എന്ന് കരുതി ഉറങ്ങുകയും ചെയ്തു


49
കൃഷ്ണമങ്കമധിരോപ്യ നിർദ്ദയാ
ദാതുമാരഭത പൂതനാ സ്തനം
യൽ പയോധരമുഖേ മുഖാർപ്പണാൽ
ആയുഷാ ശിശുജനോ വിയുജ്യതേ

യൽ പയോധരമുഖേ  (   )  യൽ പയോധരങ്ങളുടെ മുഖങ്ങളിൽ - യാവളൊരുവളുടെ മുലക്കണ്ണുകളിൽ
മുഖാർപ്പണാൽ (   )  മുഖാർപ്പണം ഹേതുവായി 
ശിശുജനാഃ ( പു പ്ര )  ശിശുജനങ്ങൾ
ആയുഷാ (  തൃ ) ആയുസ്സോട്
വിയുജ്യതേ (ലട്  പ്രപു ) വിയോജിക്കുന്നു
സാ ( സ്ത്രീ പ്ര ) 
നിർദ്ദയാ ( സ്ത്രീ പ്ര ) നിർദ്ദയയായ
പൂതനാ ( സ്ത്രീ പ്ര ) പൂതന
കൃഷ്ണം ( പു ദ്വി ) കൃഷ്ണനെ
അങ്കം ( പു ദ്വി ) അങ്കത്തെ
അധിരോപ്യ (ല്യ ) അധിരോപിച്ചിട്ട്
സ്തനം ( പു ദ്വി ) സ്തനത്തെ
ദാതും  (തുമുൻ ) ദാനം ചെയ്യുവാൻ
ആരഭത (ലങ്ങ്  പ്ര ) ആരംഭിച്ചു

യാതൊരുവളുടെ മുലക്കണ്ണുകളിൽ മുഖം അർപ്പിക്കുന്നതിനാൽ ശിശുക്കൾ മരിച്ചു പോകുന്നുവൊ  നിർദ്ദയയായ പൂതന കൃഷ്ണനെ മടിയിലിരുത്തി മുലകൊടുക്കുവാൻ ആരംഭിച്ചു

50
പാഞ്ചജന്യമിവ പൂതനാസ്തനം
പാണിപല്ലവയുഗേന പീഡയൻ
ആനനേന മധുശത്രുരാന്തരാ-
നാദദേ  തു തതസ്സമീരണാൻ

മധുശത്രുഃ  ( പു പ്ര ) മധുശത്രു ആയ
സഃ (തഛ പു പ്ര ) അവൻ
തു () ആകട്ടെ
പാണിപല്ലവയുഗേന ( പു തൃ ) പാണിപല്ലവയുഗങ്ങളാൽ
പാഞ്ചജന്യം (  ദ്വി ) പാഞ്ചജന്യത്തെ
ഇവ () എന്നപോലെ
പൂതനാസ്തനം ( പു ദ്വി ) പൂതനാസ്തനത്തെ
പീഡയൻ  പു പ്ര ) പീഡയന്നായിട്ട്
ആനനേന  പു തൃ ) ആനനം കൊണ്ട്
തതഃ (തസി ) അവളിൽ നിന്ന്
ആന്തരാൻ ( പു ദ്വി )  ആന്തരങ്ങളായ
സമീരണാൻ ( പു ദ്വി ) സമീരണങ്ങളെ
ആദദേ (ലിട്  പ്രപു ) ആദാനം ചെയ്തു


മധുഹന്താവായ കൃഷ്ണൻ ആകട്ടെതളിരുപോലെയുള്ള തന്റെ കൈകൾ കൊണ്ട് പൂതനയുടെ മുലയെ പാഞ്ചജന്യം എന്നതു പോലെ  ഇറുക്കി  പിടിച്ച് മുഖം കൊണ്ട് അവളിൽ നിന്നും പ്രാണവായുക്കളെ വലിച്ചെടുത്തു
51
വിപ്രകീർണ്ണകചബാലപല്ലവാ
ഭഗ്നബാഹുവിടപാ നിശാചരീ
സാ പപാത ഭുവി ഘോരനിസ്വനാ
മാരുതാഹതമഹീരുഹോപമാ

സാ (തഛ സ്ത്രീ പ്ര ഏ) 
നിശാചരീ ( സ്ത്രീ പ്ര ഏ) നിശാചരി
വിപ്രകീർണ്ണകചബാലപല്ലവാ ( സ്ത്രീ പ്ര ഏ) വിപ്രകീർണ്ണമായ- ചിതറിയബാലപല്ലവങ്ങൾ പോലെയുള്ള കചത്തോട് (മുടിയൊട്) കൂടിയവളായി
ഭഗ്നബാഹുവിടപാ ( സ്ത്രീ പ്ര ഏ) ഭഗ്നബാഹുവിടപയായി-ഭഗ്നമായ മരക്കൊമ്പുപോലെയുള്ള കൈകളോടുകൂടിയവളായി
മാരുതാഹതമഹീരുഹോപമാ ( സ്ത്രീ പ്ര എ) മാരുതനാൽ ആഹതമായ (തകർക്കപ്പെട്ട) മഹീരുഹം -വൃക്ഷം പോലെ
ഘോരനിസ്വനാ ( സ്ത്രീ പ്ര ഏ) ഘോരമായ നിസ്വനത്തോടുകൂടിയവളായി
ഭുവി ( സ്ത്രീ  എ) ഭൂമിയിൽ
പപാത (ലിട്  പ്രപു ഏ) പതിച്ചു 

 പൂതന ചിതറിയതും ഇളംതളിരുപോലെയുള്ളതും ആയ തലമുടിയോടുകൂടിയവളായി നുറുങ്ങിയ കൊമ്പുപോലെയുള്ള കൈകളോടുകൂടിയവളായി കാറ്റിനാൽ അടിച്ചു വീഴ്ത്തപ്പെട്ട മരത്തിനു തുല്യയായി ഭയങ്കരമായ അലർച്ചയോടു കൂടി ഭൂമിയിൽ പതിച്ചു


52
ഝടിതി വ്യപനീതഗാഢനിദ്രോ
മഹതാ തേന രവേണ പൂതനായാഃ
പ്രതിപത്തുമിയായ താം പ്രവൃത്തിം
സഹ ഗോപഗണേന നന്ദഗോപഃ

പൂതനായാഃ  സ്ത്രീ  ഏ) പൂതനയുടെ
മഹതാ ( പു തൃ ഏ) മഹത്തായ
തേന (തഛ പു തൃ ഏ) 
രവേണ ( പു തൃ ഏ) രവത്താൽ
ഝടിതി (അ) പെട്ടെന്ന്
വ്യപനീതഗാഢനിദ്രഃ ( പു പ്ര ഏ) വ്യപനീതഗാഢനിദ്രനായ
നന്ദഗോപഃ ( പു പ്ര ഏ) നന്ദഗോപൻ
ഗോപാലഗണേന ( പു തൃ എ) ഗോപാലഗണത്തോട്
സഹ (അ) കൂടി
താം തഛ സ്ത്രീ ദ്വി ഏ) 
പ്രവൃത്തിം ( സ്ത്രീ ദ്വി ഏ) പ്രവൃത്തിയെ
പ്രതിപത്തും (തുമുൻ ) പ്രതിപദിക്കുന്നതിനു വേണ്ടി
ഇയായ (ലിട്  പ്രപു ഏ) ഗമിച്ചു


പൂതനയുടെ  ഭയങ്കര ശബ്ദം കേട്ട് ഗാഢനിദ്രവിട്ടുണർന്ന നന്ദഗോപൻ ഗോപാലന്മാരോടു കൂടി അതെന്താണെന്നറിയുന്നതിനു വേണ്ടി പോയി