സംസ്കൃതത്തിലെ ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന രീതി ഇതാണ്
ആദ്യം ശ്ലോകങ്ങളിലെ പദങ്ങളെ ഓരോന്നായി പിരിച്ച് എഴുതുന്നു. പിന്നീട് അവയുടെ അന്തലിംഗവിഭക്തികൾ നോക്കുന്നു. അവയ്ക്കനുസരിച്ച് ചേരുമ്പടി ചേർക്കുന്നു. ഇതിനെ ആണ് അന്വയം എന്നു പറയുന്നത്.

അന്വയിച്ചു കഴിഞ്ഞാൽ ഓരോ പദത്തിന്റെയും അർത്ഥം എഴുതി അന്വയാർത്ഥം മനസിലാക്കുന്നു. അതിനു ശേഷം സാരാംശം മനസിലാക്കുന്നു

പദങ്ങൾ ഉണ്ടാക്കുന്നത് ശബ്ദത്തിൽ നിന്നാണ്. ശബ്ദം എന്നത് ഏതു സ്വരത്തിലോ വ്യഞ്ജനത്തിലൊ അവസാനിക്കുന്നു എന്നതനുസരിച്ച് 'അ' കാരാന്തം 'ഇ' കാരാന്തം 'സ'കാരാന്തം ഇപ്രകാരം വിളിക്കപ്പെടുന്നു. മറ്റുപലതും ഉണ്ട് കേട്ടൊ
ലിംഗം മൂന്നു തരത്തില്പറയുന്നു പുല്ലിംഗം സ്ത്രീലിംഗം, നപുംസകലിംഗം.
വിഭക്തികൾ ഏഴെണ്ണം പ്രഥമ ദ്വിതീയ തൃതീയ ചതുർത്ഥി, പഞ്ചമി, ഷഷ്ഠി,സപ്തമി എന്നു. രാമൻ രാമനെ രാമനോട് രാമനായിക്കൊണ്ട്, രാമനാൽ രാമന്റെ, രാമനിൽ എന്ന് ഏഴെണ്ണവും പോരാതെ ഹേ രാമാ എന്നു വിളിക്കുന്ന സംബോധനപ്രഥമയും ഉണ്ട്.

വചനങ്ങൾ മൂന്ന് ഏകവചനം ദ്വിവചനം ബഹുവചനം ഇപ്രകാരം

ഇതിലെ അന്തം , ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഓരോ പദത്തിന്റെയും നേരെ കൊടുത്തിരിക്കുന്ന അ പു പ്ര ഏ പോലെ ഉള്ള സൂത്രം അ - അകാരാന്തം , പു - പുല്ലിംഗം, പ്ര - പ്രഥമ, ഏ - ഏകവചനം. ആ സ്ത്രീ ഷ ബ - ആകാരാന്തം സ്ത്രീലിംഗം ഷഷ്ഠി ബഹുവചനം
അ എന്നു മാത്രം ബ്രാകറ്റിൽ കൊടുക്കുന്നത് അവ്യയം എന്നതിന്റെ ചുരുക്കെഴുത്ത്. ക്രിയാപദങ്ങളായ ലകാരങ്ങൾ (പത്ത് ലകാരങ്ങൾ ഉണ്ട് ലട് , ലിട് , ലുട്, ലങ്ങ് , ലിങ്ങ്, ലുങ്ങ്,ലോട്,ലൃട്,ലൃങ്ങ്, ആശിഷ് ലിങ്ങ് ഇപ്രകാരം അവ്വയും പരസ്മൈപദം/ ആത്മനേപദം എന്ന വിഭാഗവും, പ്രഥമപുരുഷൻ, മദ്ധ്യമപുരുഷൻ, ഉത്തമ പുരുഷൻ എന്ന വിഭാഗവും കൂടിയ ചുരുക്കെഴുത്താണ് ക്രിയാപദങ്ങളുടെ കൂടെ എഴുതുന്ന ലട് പ പ്ര പു ഏ തുടങ്ങിയവ അതായത് ലട് പരസ്മൈപദം പ്രഥമപുരുഷൻ ഏകവചനം

ക്രി വി എന്നത് ക്രിയാവിശേഷണം

Thursday, July 24, 2014

ശ്രീകൃഷ്ണവിലാസം 3- 39,40

39
പരിതസ്ഫുരതാ നവേന സന്ധ്യാ-
മഹസാ പല്ലവപാടലേന ലിപ്താഃ
പതിതാ ഇവ പാവകേ വിരേജുഃ
കകുഭോ ദുസ്സഹഭാനുവിപ്രയോഗാത്

കകുഭഃ ( സ്ത്രീ പ്ര ) കകുപ്പുകൾ - ദിക്കുകൾ
പരിതഃ () ചുറ്റും
സ്ഫുരതാ (  തൃ ) സ്ഫുരത്തായി -പ്രകാശിക്കുന്നവയായി
പല്ലവപാടലേന (  തൃ ) പല്ലവപാടലമായി - തളിരുപോലെ ഇളംചുവപ്പ് വർണ്ണം
നവേന (  തൃ ) നവമായിരിക്കുന്ന
സന്ധ്യാമഹസാ (  തൃ ) സന്ധ്യാമഹസ്സിനാൽ
ലിപ്താഃ ( സ്ത്രീ പ്ര ) ലിപ്തകളായി
ദുസ്സഹഭാനുവിപ്രയോഗാത് ( പു  )  ദുസ്സഹഭാനുവിപ്രയോഗം കൊണ്ട്
പാവകേ ( പു  ) പാവകനിൽ
പതിതാഃ ( സ്ത്രീ  പ്ര ) പതിതകളോ
ഇവ () എന്ന് തോന്നുമാർ
വിരേജുഃ (ലിട്  പ്ര ) വിരാജിച്ചു

ചുറ്റും പ്രകാശത്തോടു കൂടിയതായിതളിരുപോലെ പാടലവർണ്ണത്തോടുകൂടിയതായിനൂതനമായ സന്ധ്യയുടെ തേജസ്സിനാൽ സർവത്ര വ്യാപ്തമായിട്ട് , ദിക്കുകൾ ദുസ്സഹമായ സൂര്യവിരഹം കാരണം അഗ്നിയിൽ വീണതാണൊ എന്ന് തോന്നുമാറ് ശോഭിച്ചു 

40
ക്ഷുഭിതശ്ചിരമംബരാംബുരാശിഃ
തപനസ്യന്ദനവാഹനാവഗാഹാത്
സ്ഫുരദുത്ഭടതാരകാപദേശാത്
സഹസാകീര്യത ഫേനമണ്ഡലേന

അംബരാംബുരാശിഃ ( പു പ്ര ) അംബരമാകുന്ന അംബുരാശി  - ആകാശമാകുന്ന സമുദ്രം
തപനസ്യന്ദനവാഹനാവഗാഹാത് ( പു  )തപനന്റെ (സൂര്യന്റെ) സ്യന്ദനത്തിന്റെ (രഥത്തിന്റെ) വാഹനത്തിന്റെ (കുതിരകളുടെ) അവഗാഹാൽ (കുളി കൊണ്ട്)
ചിരം () വളരെസമയം
ക്ഷുഭിതഃ ( പു പ്ര ) ക്ഷുഭിതമായിട്ട്
സഹസാ () പെട്ടെന്ന്
സ്ഫുരദുത്ഭടതാരകാപദേശാത് ( പു  ) സ്ഫുരത്തുക്കളായി (പ്രകാശിക്കുന്ന);ഉത്ഭടകളായ (വ്യക്തീഭവിച്ച);താരകങ്ങളുടെ - നക്ഷത്രങ്ങളുടെഅപദേശത്താൽ (എന്ന വ്യാജേന)
ഫേനമണ്ഡലേന (  തൃ )  ഫേനമണ്ഡലത്താൽ നുരകളാൽ
ആകീര്യത (ലങ്ങ്  പ്രപു ) ആകീർണ്ണമായി


ആകാശമാകുന്ന സമുദ്രം സൂര്യന്റെ രഥത്തെ വഹിക്കുന്ന സപ്താശ്വങ്ങളുടെ മജ്ജനത്താൽ വളരെനേരം ഇളകിമറിഞ്ഞിട്ട് പെട്ടെന്ന് പ്രകാശിക്കുന്നവയും അതിവ്യക്തങ്ങളും ആയ നക്ഷത്രങ്ങൾ എന്ന വ്യാജേന നുരകളുടെ സമൂഹത്താൽ വ്യാപിക്കപ്പെടുകയും ചെയ്തു

No comments:

Post a Comment